Feb 23, 2022
പ്രണയ തകർച്ചയെ എങ്ങനെ നേരിടാം
സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.
അവൾ പറഞ്ഞു:"ഞാൻ പോകുവാ. നിങ്ങൾ സ്വാർത്ഥനാണ്.എനിയ്ക്ക് ഈ സ്വഭാവം മടുത്തു".
അവൻ ചകിതനായി.അന്ധാളിപ്പോടെ അവളെ നോക്കി.
അവൾ പറഞ്ഞു: "നിനക്ക് എന്നോട് പ്രണയമില്ല.എന്റെ ഫീലിങ്ങ്സും ഇമോഷൻസും മൈൻഡ് ചെയ്യുന്നില്ല".
അവൻ പറഞ്ഞു: "എനിയ്ക്ക് ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. നിന്നെ മറക്കാൻ കഴിയില്ല".
അവൾ പറഞ്ഞു: "എന്റെ മനസ്സിൽ നിന്ന് നീ നഷ്ടപ്പെട്ടു.ദയവായി വെറുതെ വിടുക.ഈ ലോകത്തിലെ ഏറ്റവും സവിശേഷമായ വ്യക്തിയായി ഞാൻ നിന്നെ കണ്ടിരുന്നു.ഉറക്കം നഷ്ടപ്പെട്ട എത്ര രാത്രികളിലൂടെ ഞാൻ കടന്നുപോയി".
അവൻ പറഞ്ഞു : "നിന്നോട് പ്രണയമില്ലാത്ത ഒരു നിമിഷംപോലും എനിയ്ക്കുണ്ടായിട്ടില്ല.ഞാൻ നിനക്ക് സൗഹൃദവും പ്രേമവും നൽകി.നീ എന്നെ ഞാനാകാൻ സഹായിച്ചു".
അവൾ പറഞ്ഞു: "നമ്മുടെ ബന്ധം ഇവിടെ അവസാനിക്കുകയാണ്. പക്ഷേ ഞാൻ നിന്നെ എല്ലായ്‌പ്പോഴും സ്നേഹിക്കും"
സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.പ്രണയാസക്തരായ പുരുഷന്മാർ ടെക്സ്റ്റോസ്റ്റിറോൺ തലക്കടിച്ചു വൈകാരിക തീക്ഷണത അനുഭവിക്കുന്നവരാണ്.പ്രണയത്തിലുള്ള വിഷയാസക്തിയാണ് അവരെ ആവേശഭരിതരാക്കുന്നത്.സ്ത്രീകൾ പ്രണയത്തിൽ വികാരത്തിന്റെയും യുക്തിയുടെയും വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.അതുകൊണ്ടാണ് പ്രണയം നിലനിൽക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോൾ അവർ പൊട്ടിത്തെറിക്കുന്നത്.സ്ത്രീകളുടെ മഷ്തിഷ്കത്തിലെ പ്രണയഭാഗവും ലൈംഗികഭാഗവും{ the ventral tegmental area (VTA) and the caudate nucleus) തമ്മിൽ നെറ്റ് വർക്ക് ബന്ധങ്ങൾ ഉണ്ട്. പുരുഷന്മാരിൽ അത് ഇല്ല.
പ്രണയിക്കുന്ന സമയം ഒരു ഉന്മാദം പോലെ ആവേശഭരിതമാണ്.വൈകാരികാവസ്ഥയിൽ ഉണ്ടാകുന്ന ഉയർച്ചതാഴ്ചകൾ, ആശ്രയത്വം, അതീവ ഉത്കണ്ഠ, ഉടമഭാവം,പരസ്‌പര സാമീപ്യത്തിനായുള്ള അഭിനിവേശം ആ സമയങ്ങളിൽ അനുഭവിക്കുന്നു.അതേസമയം പ്രണയം നഷ്ടപ്പെട്ടാൽ മനുഷ്യർ അനുഭവിക്കുന്ന വേദന മരണതുല്യമാണ്.കഠിനമായ വിഷാദം ആശ്ലേഷിക്കും.ഇനിയുള്ള ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ട ആൾ തന്നോടൊപ്പം ഉണ്ടാവില്ല എന്ന ഉറച്ച ബോധം സൃഷ്ടിക്കുന്നത് വല്ലാത്ത വേദനയും ഭയവുമാണ്.പ്രണയ സമയത്തു അനുഭൂതി സൃഷ്ടിച്ചിരുന്ന ബയോകെമിസ്ട്രി തന്നെയാണ് വൈകാരിക നൊമ്പരങ്ങൾ രൂപപ്പെടുത്തുന്നത്.പ്രണയം നഷ്ടപെട്ട അവസ്ഥയിൽ മസ്തിഷ്കത്തിൽ ഓക്‌സിടോസിൻ ഉത്പാദനം കുറഞ്ഞുവരും.അപ്പോൾ സുഖദായകവും ആശ്വാസകരവുമായ വ്യക്തി ഭാരമായി തോന്നും.
വിഫലമായ പ്രണയം ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നു.ആ സമയത്തു അനുഭവിക്കുന്ന വേദന ശരീരത്തിന് മുറിവേൽക്കുമ്പോൾ അനുഭവിക്കുന്നതിന് തുല്യമാണ്.ശരീരവേദന അനുഭവപ്പെടുത്തുന്ന മസ്തിഷ്കഭാഗത്തിൽ നിന്ന് തന്നെയാണ് ആ വേദനയും രൂപപ്പെടുന്നത്.പ്രണയ നഷ്ടം ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവുകൾ കഠിനമാണ്.ഇണവേദനയുള്ള സമയങ്ങളിൽ തൈമസ് ഗ്രന്ഥിയും പ്രതിരോധകലകളും ചേർന്ന് സൃഷ്ടിക്കുന്ന സമ്മർദ്ദ പ്രതിരോധം ശാരീരിക പ്രതികരണശേഷി കുറയ്ക്കും
ബ്രേക്ക് അപ്പ് എന്ത് ചെയ്യും?
ബ്രേക്ക് അപ്പ് അവസ്ഥയിൽ ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നാം.നിങ്ങൾ സ്വയം വെറുക്കും.നിങ്ങളുടെ വികാരങ്ങളാണ് അങ്ങനെ തോന്നിപ്പിക്കുന്നതു്.നഷ്ടപ്പെട്ടു എന്നത് ഒരു യാഥാർഥ്യമാണ്.നാം അതിനെ മറക്കാൻ ശ്രമിക്കും തോറും ഓർമ്മകൾ കടന്നുവന്നുകൊണ്ടിരിക്കും.ഏകാന്തമായ ഒരവസ്ഥ അനുഭവിക്കും. ലോകം ചുരുങ്ങും.അപ്പോൾ മനസ്സിന് ഒരു പുതുമ ആവശ്യമുണ്ട്. പുതിയ സ്ഥലം വ്യക്തികൾ പുതിയ അനുഭവങ്ങൾ എല്ലാം വേണം. യാത്രചെയ്യണം. ബ്രേക്ക് അപ്പ് സൃഷ്ടിക്കുന്ന ഉത്കണ്ഠകൾ/ വിഷാദം മറികടക്കണമെങ്കിൽ ആ നിമിഷത്തിൽ ജീവിക്കുക എന്നതാണ്.ജീവിതത്തിലേയ്ക്ക് ഉണരുന്നതിനായി കാത്തിരിക്കുക.ലോകത്തെ പുതിയ കണ്ണുകൾകൊണ്ട് കാണേണ്ടിവരും.കാര്യങ്ങൾക്ക് തെളിച്ചം വേണം. വിഷാദം അത് എപ്പോഴും ഒരേ പോലെ നിലനിൽക്കില്ല. ഉയർച്ചതാഴ്ചകൾ ഉണ്ടാകും.എല്ലാം മനസ്സിന്റെ സൃഷ്ടികളാണ്
ഒരു കാർമേഘം വന്നു മൂടിയതുപോലെ എന്നത് ഒരു തോന്നലാണ്.അത് തിരിച്ചറിയണം രക്ഷപ്പെടണം.ഈ ലോകം ഇവിടെ തന്നെയുണ്ട്. ജീവിതം മാറ്റമില്ലാതെ നിലനിൽക്കില്ല. നിങ്ങൾക്ക് പുതിയ സൗഹൃദങ്ങൾ ഉണ്ടാവും, നിങ്ങൾ ചിരിക്കും, ആഹ്ളാദിക്കും.
എന്നാൽ വിരഹ വേദന നീണ്ടുനിൽക്കുകയാണെങ്കിൽ സൈക്കോതെറാപ്പിക്ക് വിധേയമാവണം.ചിലപ്പോൾ മരുന്ന് കഴിക്കേണ്ടതായി വരും ആന്റി ഡിപ്രസന്റ് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ(Selective serotonin reuptake inhibitors (SSRIs) ബ്രേക്ക് അപ്പ് മൂലമുണ്ടാകുന്ന വിഷാദം കുറയ്ക്കാൻ ഉപയോഗിക്കുന്നു.തലച്ചോറിലെ സെറാടോണിന് നോർ എപ്പിനെഫ്രിൻ ഡോപ്പാമിൻ എന്നി ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന ഈ മരുന്നുകൾ കൊണ്ട് ഏകദേശം മൂന്നാഴ്ചക്കുള്ളിൽ വ്യക്തിയിൽ പ്രശാന്ത കൈവരും.