Apr 11, 2022
പുരുഷന്മാരുടെ ഞരമ്പുരോഗവും സദാചാരവും
മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല.
കഴിഞ്ഞ ദിവസം ഒരു ബസ്സിൽ വെച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ കിളുന്ത് ദേഹത്തിൽ കൈനീട്ടിയ ഒരാളെ ശാരീരികമായി കൈകാര്യം ചെയ്ത ആൾക്കൂട്ടത്തിലെ ചിലർ ഇപ്രകാരം പറഞ്ഞു:
"എന്തിനാണ് ആ പെൺകുട്ടി മൂക്കും മുലയും ചന്തിയും മുടിയും പറിച്ചു നടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചു നടക്കുന്നത്?"
"പുരുഷന്മാരുടെ ലൈംഗിക വാസനയെ ഉത്തേജിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ലൈംഗികായവങ്ങളുടെ തുറന്ന പ്രദർശനം നടത്തുക. അതിലൂടെ പുരുഷന്മാരുടെ അഭിനിവേശങ്ങളെ ഇക്കിളിപ്പെടുത്തുക. ആണുങ്ങളുടെ ലൈംഗിക വാസനയെ ആക്രമണത്തലത്തിലേയ്ക്ക് എത്തിക്കുന്നത് ഇത്തരം പെണ്ണുങ്ങളാണ്. ആ സ്ത്രീകൾ പീഡിപ്പിക്കപ്പെടുവാൻ അർഹരാണ് ".
"ആൺ തുണയിൽ നല്ല കുടുംബത്തിൽ ജീവിക്കുന്ന സ്ത്രീകളെ ആരും ഉപദ്രവിക്കുകയില്ല".
"അന്യപുരുഷന്മാരോട് തുറന്നിടപഴകുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ഞരമ്പുരോഗികളുടെ ലൈംഗിക അക്രമങ്ങൾക്ക് വിധേയരാക്കാൻ ബാധ്യസ്ഥരാണ്".
"ഒറ്റയ്ക്ക് കറങ്ങി നടക്കുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും"
ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണ് പെശകാണ്. വിവാഹിതരാകാത്ത ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് സമ്മതിക്കാൻ പറ്റില്ല ശരീരത്തിന്റെ നിന്മോനതകൾ പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകൾ അക്രമിക്കപ്പെടേണ്ടവരാണ്. നമ്മുടെ സമൂഹത്തിന്റെ ആന്തരികലോകത്തു അടിഞ്ഞുകൂടിയ ഇത്തരം ചിന്താധാരകളും സങ്കല്പങ്ങളും നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് നിരന്തരം ശേഖരിക്കപ്പെടുകയും അത് നമ്മെ വൈകാരികമായി സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
കഠിനമായ ലൈംഗിക സമ്മർദ്ദം അനുഭവിക്കുന്ന പുരുഷന്മാരുടെ അസൂയയിൽ നിന്ന് വരുന്ന സദാചാരമാണിത്.ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല. മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. സ്ത്രീകളോട് അപമര്യാദയോടെ പെരുമാറി ലൈംഗിക ഉത്തേജനം അനുഭവിക്കുന്ന പെരുമാറ്റങ്ങൾ പഠിച്ചെടുക്കുന്നത് സമൂഹത്തിൽ നിന്ന് തന്നെയാണ്.
മനുഷ്യന്റെ സദാചാര മൂല്യങ്ങളും പെരുമാറ്റങ്ങളും നിരവധി ഓർമ്മകളായി മനുഷ്യ മസ്തിഷ്കത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ലൈംഗിക അഭിനിവേശങ്ങളെ വ്യക്തിഗതമായ അനുഭവങ്ങളും ജനിതകാവസ്ഥയും സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും ഞരമ്പുരോഗികൾ ലൈംഗിക ദാരിദ്ര്യത്തിന്റെ ഉത്പന്നങ്ങളാണ്. അവർ സ്വന്തം വൈകാരിക അനുഭവങ്ങളെയും പ്രേരണകളെയും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടവരാണ്. അവരുടെ മഷ്തിഷ്കത്തിലെ ലിംബിക് വ്യവസ്ഥയിലെ മഷ്തിഷ്കഭാഗങ്ങളുടെ പ്രവർത്തനത്തിൽ ചില വ്യതിയാനങ്ങൾ കാണുന്നു. അവരുടെ ഹൈപ്പോതലാമസിലെ ഇലക്ട്രിക്കൽ സിഗ്നലുകൾ ഉയരുന്ന അവസ്ഥ കഠിനമായ ലൈംഗിക സമ്മർദ്ദത്തിലേയ്ക്ക് നയിക്കുന്നു.ഹൈപ്പോതലാമസിലെ മിഡിയൽ പ്രീ ഒപ്റ്റിക് ഏരിയ എന്ന ഭാഗമാണ് ഒരാളുടെ ലൈംഗിക സ്വഭാവം നിർണ്ണയിക്കുന്നത്. ഞരമ്പുരോഗികളുടെ mPOA - The medial Pre-Optic Area ഭാഗത്തുള്ള ഇലക്ട്രിക് സിഗ്നലുകളുടെ ഉച്ചാവസ്ഥ ലൈംഗിക ഉത്തേജനത്തിന് വ്യത്യസ്തത വഴികൾ തേടാൻ പ്രേരിപ്പിക്കുന്നു.
പുരുഷ ഹോർമോണിന്റെ ആധിക്യം അതിന്റെ പ്രാകൃത രൂപത്തിൽ പ്രകടമാകുന്ന അവസ്ഥയാണ് നാം കാണുന്നത്. വേട്ടയാടുന്നതിനും ഇരയെ കൊല്ലാനും പുരുഷന്മാരെ പ്രേരിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോണാണ് പൗരുഷമുള്ള ഛായകൾ സൃഷ്ടിക്കുന്നത്. ആണത്തത്തെ പരിലാളിക്കുന്ന സമൂഹത്തിന്റെ ശാസനയാണ് പുരുഷൻ എപ്പോഴും സ്ട്രോങ്ങായിരിക്കണമെന്നും സ്ത്രീകൾ പുരുഷന്റെ താൽപര്യങ്ങളിൽ സംതൃപ്തരും അനുസരണയുള്ളവരുമായിരിക്കണം എന്നത്. യഥാർത്ഥത്തിൽ പുരുഷന്റെ ജനിതകവും അതിനെ പരിപോഷിപ്പിക്കുന്ന സാമൂഹ്യ സ്വാധീനവും പുരുഷനിൽ സൃഷ്ടിക്കുന്ന പ്രതിഫലനമാണ് പുരുഷന്റെ മാനസിക അധഃപതനത്തിന്റെ ഹേതുവാകുന്നത്. സ്വന്തം വൈകാരിക സ്ഥിതി മറച്ചു പിടിച്ചു ഏകാകിയായി പോകുന്ന പുരുഷന്റെ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയാണ് നാം ഇന്ന് അനുഭവിക്കുന്നത്. യഥാർത്ഥത്തിൽ പുരുഷാധിപത്യ സമൂഹം സൃഷ്ടിച്ച കെണിയിൽ തന്നെയാണ് ഓരോ പുരുഷനും. ആണത്തം കാണിക്കുക, ആൺകുട്ടികൾ കരയരുത്, എപ്പോഴും ധൈര്യഭാവം കാണിക്കുക തുടങ്ങിയ കാര്യങ്ങൾ ആൺകുട്ടികളെ പഠിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന സമൂഹമാണ് നമ്മുടേത്. അവിടെ വ്യത്യസ്ത ലിംഗങ്ങളെ എത്രത്തോളം അകറ്റിനിർത്താവുന്നുവോ അത്രത്തോളം അകറ്റി നിർത്തുന്ന സദാചാരം സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നു. ആണും പെണ്ണും അവരുടെ വൈകാരികതകളും അടിച്ചമർത്തപ്പെടുന്നു.
ഓരോ മനുഷ്യനും അവന്റെ സാമൂഹിക ജീവിതത്തിൽ അവരുടെ വ്യക്തിത്വം നിർണ്ണയിക്കുന്ന വഴികളിലുടെ കടന്നുവന്നാണ് പലവിധത്തിലുള്ള സ്വഭാവങ്ങളും രൂപപ്പെടുന്നത്. സ്ത്രീകളോട് മോശമായി പെരുമാറി ലഭിക്കുന്ന ലൈംഗിക ഉത്തേജനവും അതുവഴിയുള്ള രതി സുഖവും
ഞരമ്പുരോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ലൈംഗിക താല്പര്യമായി നിലനിൽക്കുന്നു. ഞരമ്പുരോഗികൾ സ്ത്രീകളെ ഒരു ലൈംഗിക വസ്തുവായി കാണുന്നു. പുരുഷാധിപത്യത്തിലുള്ള സാമൂഹ്യ വൽക്കരണം പുരുഷന്മാർക്ക് സ്ത്രീകളോട് മാന്യതയില്ലാതെ പെരുമാറാൻ പ്രേരിപ്പിക്കുന്നു. സാമൂഹ്യപരമായ പല പെരുമാറ്റവും ജീവശാസ്ത്രപരമായി തലമുറകളിലൂടെ സഞ്ചരിക്കുന്നു. വ്യക്തികളുടെ ജൈവപരമായ ആവശ്യകൾ വേണ്ടവിധേന നിർവഹിക്കാൻ കഴിയാത്ത സമൂഹത്തിൽ അക്രമാസക്തസ്വഭാവമുള്ളവരോ സദാചാര ഗുണ്ടായിസം കാണിക്കുന്നവരോ കൂടുതൽ കാണും. സമൂഹം കൽപിച്ചു നൽകിയ ജീവിത രീതികളിൽ നിന്ന് വ്യതിചലിച്ചുപോയവരെ നേരെയാക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്ന ന്യായ വാദത്തിലാണ് സദാചാര ആക്രമണം നടത്തുന്നത്.
സ്ത്രീ ശരീരം ഒരു ലൈംഗിക വസ്തുവാണെന്ന ആശയം രൂപപ്പെടുത്തിയ സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാർ ലൈംഗിക പീഡനങ്ങളും സദാചാരത്തിന്റെ പേരിലുള്ള ഗുണ്ടായിസവും നടത്തികൊണ്ടിരിക്കും.