Jan 02, 2022
പ്രണയം തലയ്ക്കടിച്ച അവസ്ഥ !
പ്രണയത്തിന്റെയും രതിയുടെയും വഴികളിൽ മനുഷ്യ ജീവി ഇന്നും വല്ലാത്ത പ്രതിസന്ധിയിലാണ്.രതിയുടെ പ്രസരണത്തിലും ആസക്തിയുടെ ആനന്ദത്തിന്റെ ചലനവേഗങ്ങളിലും അച്ചടക്കം ശീലിച്ചിട്ടില്ലാത്ത ജീവിയാണ് മനുഷ്യൻ.
മിന്നൽ മുരളി എന്ന സിനിമയിൽ പ്രണയാതുരനയായി ക്രൂരകൃത്യം ചെയ്യുന്ന പ്രതിനായകൻ , ഉയരെ സിനിമയിൽ ആസിഡ് അറ്റാക്ക് ചെയ്യുന്ന കാമുകൻ. ഒരേ ആന്തരികനിലയുള്ള രണ്ടുപേർ! അവരുടെ രണ്ടുപേരുടെയും അസ്തിത്വ വേദനകൾക്ക് സമാനതകളുണ്ട്. അവർ തന്നെയാണ് പെണ്ണിന്റെമുന്പിൽ മാന്യമായി പെരുമാറുന്നവർ, ബുദ്ധി സാമർഥ്യം കാണിക്കുന്നവർ. എന്നാൽ പെണ്ണിന്റെ ഭാഗത്തു നിന്ന് നിഷേധം വരുമ്പോൾ ബലവും അധികാരവും ഉപയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നവരും അവർ തന്നെ.അവർ പ്രണയത്തിന്റെ ഉന്മാദം അനുഭവിക്കുന്നു.അവരുടെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ട്. ശരീരത്തിന് ആകമാനം തരിപ്പ് അനുഭവപ്പെടുന്നുണ്ട്. പ്രണയം തലക്കടിച്ച ആ അവസ്ഥയിൽ രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഒഴുക്കിൽ അവർ ആവേശഭരിതരായി വന്യവും ജന്തുസഹജവുമായ വികാരതീക്ഷ്ണതയിൽ അകപ്പെടുന്നു. ഉന്മാദവും വിഷാദവും ഭ്രാന്തും മാറി മാറി അനുഭവിക്കുന്ന ആ നിലയിൽ ബുദ്ധിയും വിവേകവും നഷപെട്ട നെറികെട്ട മനുഷ്യരായി അവർ മാറുന്നു. സഹസ്രാബ്ധങ്ങളായി പുരുഷ മഷ്തിഷ്കത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രണയനിഷേധവും അതിനെ തുടർന്നുള്ള യുദ്ധങ്ങളും അവിടെ സംഭവിക്കുന്നു.
തന്റെ കാമുകി തന്നെ എങ്ങനെ വിലയിരുത്തുന്നു എന്ന സൂക്ഷ്‌ബോധത്തോടെയാണ് മിന്നൽ മുരളിയിലെ ഷിബുവിന്റെ ഓരോ ചലനവും,വർഷങ്ങളായുള്ള തന്റെ കാത്തിരിപ്പിന്റെ വ്യസനവും ഇഷ്ടത്തിന്റെ കാരണങ്ങളും വിദഗ്ധമായി അവളെ ബോധ്യപ്പെടുത്താൻ അയാൾക്ക് കഴിയുന്നുണ്ട്.താൻ കൊള്ളാവുന്നവനും സംരക്ഷണം നൽകാൻ പ്രാപ്തിയുള്ളവനുമാണെന്ന് തന്റെ കാമുകിയെ വിശ്വസിപ്പിക്കുന്നതിൽ അയാൾ വിജയിക്കുന്നുണ്ട് .പലതും മറച്ചുവെയ്ക്കുന്നതിലൂടെയാണ് അയാൾക്ക് അത് സാധ്യമാകുന്നത് .കാമുകിയ്ക്ക് സ്വീകാര്യനാവാൻ വേണ്ടി ഏറ്റവും മെച്ചപ്പെട്ട പെരുമാറ്റമാണ് അയാൾ കാഴ്ചവെക്കുന്നത് .താൻ കുഞ്ഞിനെ സംരക്ഷിക്കുമെന്നും അനുതാപം ഉള്ളവനും ശക്തനുമാന്നെന്ന് അയാൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നു. പുരുഷന്റെ സഹജ സ്വഭാരീതികൾ തന്നെയാണത്.
ഇണയാൽ തെരഞ്ഞെടുക്കപ്പെടാൻ യോഗ്യത നേടുന്ന പെരുമാറ്റങ്ങൾ സാമൂഹ്യമായി വളരെ പ്രധാനപെട്ടതാണ്. സാമൂഹ്യജീവിതത്തെ നിയന്ത്രിക്കുന്നതും ക്രമപ്പെടുത്തുന്നതുമെല്ലാം മനുഷ്യന്റെ സഹജഭാവങ്ങളെ നിയയന്ത്രിക്കുന്ന ഇണബന്ധം രൂപപ്പെടുന്നതിന് വേണ്ടിയുള്ള പെരുമാറ്റമാണ്. ലൈംഗികത നേടിയെടുക്കുന്നതിന് വേണ്ടിയുള്ള മത്സരത്തിൽ വിജയിക്കുന്നത് കൂടുതൽ കഴിവും അധികാരവും ഉള്ളവരാണ്.
അവസാനം ഇണ നഷ്ടപ്പെടുന്നതിന്റെ വേദനയിൽ മിന്നൽ മുരളിയിലെ കാമുകൻ ഭീകരകൃത്യങ്ങൾ ചെയ്യുകയാണ്. അയാൾക്ക് തന്നോടും ലോകത്തിനോടും തോന്നുന്ന പകയുടെ ബഹിർഫുരണമാണ് ആ ഭീകരതകൾ.അയാളുടെ പ്രണയനഷ്ടം ക്രുരമായ സഹനത്തെയും ഹിംസാത്മകതയേയും സൃഷ്ടിക്കുന്നു. അസ്തിത്വം നഷപ്പെട്ട വേദനയാണ് അതിക്രമത്തിന്റേതായ പാത തെരഞ്ഞെടുക്കാൻ പ്രേരണയാക്കുന്നത്. പലപ്പോഴും വിജയം മത്സരം നേട്ടം തുടങ്ങിയവയൊക്കെ പ്രേരിപ്പിക്കുന്ന പുരുഷ പ്രകൃതം അക്രമത്തിന്റെയും സാഹസത്തിന്റെയും വഴികൾ തെരഞ്ഞെടുക്കുന്നു.
പ്രണയത്തിന്റെയും രതിയുടെയും വഴികളിൽ മനുഷ്യ ജീവി ഇന്നും വല്ലാത്ത പ്രതിസന്ധിയിലാണ്. ലൈംഗികത സ്വന്തമാക്കാനും നിലനിർത്താനുമുള്ള ശ്രമങ്ങൾ കഠിനമായ മത്സരത്തിന്റേതാണ്.പ്രണയം കൊണ്ട് പ്രചോദിക്കപ്പെടുന്ന സമാധാനത്തിലും അസൂയ കൂടപ്പിറപ്പാണ്. തന്റെ ഇണ മറ്റൊരാളുമായി ഇടപഴകുന്നതിൽ അനുഭപ്പെടുന്ന വല്ലായ്മയാണ് ലൈംഗിക സദാചാരത്തിന്റെ കാർക്കശ്യമായ വഴികൾ പിന്തുടരുന്നത്. പ്രണയത്തിലും പ്രണയനിരാസത്തിലും കൂടെയുണ്ടാകുന്ന അസൂയ എന്ന വികാരം പ്രണയത്തിൽ നിന്ന് ലഭിക്കുന്ന എല്ലാ ശാന്തതയും നന്മയും നശിപ്പിക്കുന്നു. പ്രണയിക്കുന്ന വ്യക്തിയോട് തോന്നുന്ന ഉടമഭാവം ഇണയോട് ഇതര വ്യക്തികൾ ഇടപെടുന്നത് നിങ്ങളെ ആകുലരാക്കും.ഒരു പ്രണയത്തിലും സ്വസ്ഥതയും സംതൃപ്തിയും ഒരേ പോലെ നിലനിൽക്കുന്നില്ല. രതിയുടെ പ്രസരണത്തിലും ആസക്തിയുടെ ആനന്ദത്തിന്റെ ചലനവേഗങ്ങളിലും അച്ചടക്കം ശീലിച്ചിട്ടില്ലാത്ത ജീവിയാണ് മനുഷ്യൻ.