Feb 18, 2022
കൗൺസിലിംഗ് സ്ത്രീകളോട് ചെയ്യുന്നത്
രാത്രിയിൽ ഷവറിന്റെ ചുവട്ടിൽ എന്നെ നിർത്തി അയാൾ സ്വയംഭോഗം ചെയ്യും.തുടക്കത്തിൽ എനിയ്ക്ക് യാതൊന്നും തോന്നിയില്ല.എന്തിനാണ് അയാൾ ഇത് ചെയ്യുന്നതെന്ന അത്ഭുതം മാത്രം.
"രാത്രിയിൽ ഷവറിന്റെ ചുവട്ടിൽ എന്നെ നിർത്തി അയാൾ സ്വയംഭോഗം ചെയ്യും.തുടക്കത്തിൽ എനിയ്ക്ക് യാതൊന്നും തോന്നിയില്ല.എന്തിനാണ് അയാൾ ഇത് ചെയ്യുന്നതെന്ന അത്ഭുതം മാത്രം. കഴിഞ്ഞ രണ്ടുവർഷമായി ദിവസവും അയാൾ ഇത് ചെയ്യുകയും ക്ഷമാപണത്തോടെ കുറ്റസമ്മതം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു".
തുടക്കത്തിൽ ഞാൻ ചിന്തിച്ചിരുന്നു.ആർക്കാണ് എന്റെ ഭർത്താവിനെ ഇഷ്ടമല്ലാതിരിക്കുക ?. അയാൾ പുറമെ മാന്യമായി പെരുമാറുന്നവനാണ്. കരുതലും ദയയും ഉള്ളവനാണ്.കാണാൻ സുന്ദരനും മൃദുലസ്വഭാവവും ഉണ്ട്.
പക്ഷേ, ഞാൻ ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിലാണ്. ഞങ്ങൾ പരസ്പ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷേ ഭർത്താവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം ഇനിയും സഹിച്ചു ജീവിക്കാൻ എനിക്ക് കഴിയില്ല.
കൗൺസിലർ പറഞ്ഞു:"ഒരു മനുഷ്യൻ കുറെ ശരിയും തെറ്റും കൂടിച്ചേർന്ന ഒന്നാണ്. കുറെ നല്ല ഗുണമുള്ള സ്ത്രീ പക്ഷ വാദിയും കൂടിയായ ഭർത്താവുമായി നിങ്ങൾക്ക് ഒന്നുംകൂടി അഡ്ജസ്റ്റ് ചെയ്തുകൂടെ? ഒരു ഡിവോഴ്സ് ഒഴിവാക്കാൻ താങ്കൾക്ക് കഴിയില്ലേ" ?
അവൾ നിശബ്ദയായി.
അഡ്ജസ്റ്മെന്റും ന്യായീകരണങ്ങളും
സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്.സ്ത്രീയും പുരുഷനും എങ്ങനെ ചിന്തിക്കണം പെരുമാറണം എന്ന് നിശ്ചയിക്കുന്നത് ഹോർമോണുകളും ജീനുകളുമാണ്.ജീവശാസ്ത്രം രസതന്ത്രം ഹോർമോണുകൾ എന്നിവയാണ് അതിന് ഉത്തരവാദികൾ . പ്രസവവും കുഞ്ഞുങ്ങളുടെ പരിപാലനവും ഗൃഹനിർമ്മാണത്തിലും മുഴുകിയ സ്ത്രീകളുടെയും, ഭക്ഷണം വേട്ടയാടി കണ്ടെത്തുന്നയാൾ സംരക്ഷകൻ എന്ന നിലയിലേയ്ക്ക് മാറിയ പുരുഷന്റെയും മഷ്തിഷ്ക വയറുകൾ വ്യത്യസ്തമാണ്.സ്ത്രൈണ പ്രകൃതങ്ങൾക്ക് കാരണമായ മഷ്തിഷ്ക് ഹോർമോൺ ഈസ്ട്രജൻ ആണ് മാതൃത്വത്തിന്റെയും പരിലാളനയുടെയും പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നത്.പോജസ്ട്രോൺ എന്ന ഹോര്മോണാണ് ശിശുപരിപാലനത്തിന് പ്രേരകമാകുന്നത്. പുരുഷപ്രകൃതത്തിന് കാരണമായ ടെക്സ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ അക്രമം മത്സരബുദ്ധി വാശി തുടങ്ങിയവയ്ക്കൊക്കെ പ്രേരണനൽകുന്നു.പുരുഷന്മാർ മത്സരസ്വഭാവമുള്ളവരാണ് വൈകാരികാവസ്ഥകൾ മറച്ചുപിടിക്കുന്നവരാണ്. സ്ത്രീയുടെ തലച്ചോർ പരസ്പര സഹകരണം വിശ്വാസം വികാരങ്ങളെ വെളിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി രൂപപ്പെട്ടിട്ടുള്ളതാണ്.അതിനാൽ സ്ത്രീകൾ കുടുംബത്തിന്റെ നിലനിൽപ്പിന് വേണ്ടി സഹകരിക്കണം.
തീർച്ചയായും സ്ത്രീ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടതിനെ ഭംഗിയായി ന്യായീകരിക്കാൻ ഇത്തരത്തിലുള്ള പലതരം മാതൃകകൾ അവതരിപ്പിക്കുന്നു.നല്ല പങ്കാളിയായ സ്ത്രീ ഒരിക്കലും പുരുഷന്റെ ലൈംഗികവികാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന നിർദ്ദേശവുമുണ്ട് .പുരുഷന്റെ വ്യത്യസ്തമായ ലൈംഗിക താൽപര്യങ്ങളും ആസക്തികളും അംഗീകരിച്ചു ജീവിക്കുന്ന സ്ത്രീയ്ക്ക് മാത്രമേ സാന്നിധ്യമുള്ളൂ. സ്ത്രീയുടെ നിശബ്ദതയെ ഉറപ്പുവരുത്തി അവരെ ഒരു ചട്ടക്കൂടിൽ ഒതുക്കി നിർത്താൻ വേണ്ടിയുള്ള തന്ത്രങ്ങളാണ് അതെല്ലാം.
കുടുബത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നവരെ അതിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് കൗൺസിലിംഗ് രീതികൾ ശ്രമിക്കുന്നത്.സാമൂഹ്യമായി നിഷ്കർഷിച്ചിട്ടുള്ള മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു നടക്കുന്ന സ്ത്രീകളിൽ കുറ്റബോധമുണ്ടാക്കി അവരെ വിട്ടുവീഴ്ച്ച ചെയ്യിക്കുന്നതിന് വേണ്ടിയാണ് ഇന്നും അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒളിച്ചുവെയ്ക്കപ്പെട്ട സംഗതികൾ പുറത്തെടുത്തു അതിൽ നിന്ന് വ്യാഖ്യാനങ്ങലുണ്ടാക്കി പ്രിതൃദായ ക്രമത്തിന്റെ സുഗമായ നിലനില്പിന്ന് സഹായകമാക്കുകയാണ് അത് ചെയ്യുന്നത്.
സമൂഹത്തിന്റെ പൊതു ബോധത്തെ അരകെട്ടുറപ്പിക്കുന്ന സ്ത്രീ പുരുഷ പെരുമാറ്റ രീതികളുടെ വ്യാഖ്യാനങ്ങൾ അതിന് വേണ്ട മനഃശാസ്ത്ര പദ്ധതികൾ എല്ലാം പുരുഷന്മാരുടെ കെണികളാണ്.സമൂഹം സ്ത്രീയ്ക്ക് നിർമ്മിച്ച് കൊടുത്തിട്ടുള്ള ജീവിത ചര്യകളിൽ നിന്ന് വഴി മാറി ചവിട്ടുന്ന ഏതൊരു പെണ്ണും പെരുമാറ്റ ദൂഷ്യമുള്ളവളാണ് .ഉദാഹരണത്തിന് ബോർഡർലൈൻ പേഴ്സിനാലിറ്റി സ്ത്രീകളിലാണ് കൂടുതൽ കാണുന്നത് എന്ന് ചികിത്സ മനശാസ്ത്രം പറയുന്നു.ഒന്നിൽ കൂടുതൽ പങ്കാളികളുമായി ബന്ധം, എടുത്തുചാടി എന്തും ചെയ്യാനുള്ള പ്രവണത, ഒരാളെ അമിതമായി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുക, വ്യക്തിബന്ധങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കുക, നിർവികാരമായി പെരുമാറുക തുടങ്ങിയ അവസ്ഥയുള്ളവർക്ക് ബോർഡർലൈൻ പേഴ്‌സിനാലിറ്റി ഉള്ളവരാണെന്ന് മുദ്രകുത്തുന്നു.എന്നാൽ സമൂഹത്തിലെ ഭൂരിഭാഗം പുരുഷന്മാരും ഇത്തരത്തിലുള്ള സ്വഭാസവിശേഷതകൾ ഉള്ളവരാണ്. അവർക്കാകട്ടെ പ്രത്യേയ്ക അനൂകൂല്യങ്ങൾ ലഭിക്കുന്നു.
സമൂഹത്തിലെ പുരുഷന്റെ ആധിപത്യ വ്യവസ്ഥകൾക്കുവേണ്ടി നിലകൊള്ളുന്ന, കുടുംബം എന്ന അധികാരരൂപത്തിനോട് മമത പുലർത്തുന്ന ശരീര ശാസ്ത്ര മനഃശാസ്ത്ര കാഴ്ചപ്പാടുകൾ സ്ത്രീകൾക്ക് തന്നെ പലതരം കെണികൾ ഒരുക്കുന്നുണ്ട്. കുടുംബത്തിന് വേണ്ടി എല്ലാം ക്ഷമിക്കൽ, ആശ്വസിപ്പിക്കൽ കുട്ടികളുടെ ഭാവിയെകരുതി ത്യജിക്കൽ തുടങ്ങിയ കർത്തവ്യങ്ങൾ എല്ലാം സ്ത്രീയുടെ ത്യാഗസന്നതയും ചുമതലയുമായി മാറ്റുന്ന രീതികളാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ത്യാഗ സമ്പന്നയും സഹനശീലയും ആയിട്ടുള്ള സ്ത്രീകളാണ് മാതൃകകളായി ചിത്രീകരിക്കപ്പെടുന്നത്.
സ്ത്രീയുടെ സ്വാഭാവികത എങ്ങനെയാണ് സമൂഹം വരച്ചിടുന്നത്?.സ്ത്രീ വളരെ ഉദാരമതിയായിരിക്കണം. ലളിതമായ ഭാഷ ഉപയോഗിക്കണം. സ്വന്തം രൂപ ഭംഗിയിൽ ശ്രദ്ധിച്ചു അടങ്ങി ഒതുങ്ങി കഴിയണം എന്നതാണ് .പുരുഷൻ അടിസ്ഥാനപരമായി നടത്തുന്ന സ്ത്രീസങ്കല്പങ്ങൾക്കനുസരിച്ചുള്ള മൂല്യങ്ങളാണ് സമൂഹം അടിച്ചേൽപ്പിക്കുന്നത്.
സ്ത്രീ പുരുഷന്മാരുടെ സാമ്പ്രദായിക പെരുമാറ്റരൂപങ്ങളെ ആദര്ശവല്ക്കരിക്കുന്ന കൗൺസിലിംഗ് നിർദ്ദേശങ്ങൾ സമൂഹത്തിന്റെ അധികാരതന്ത്രമാണ്.സ്ത്രീയെ കേൾക്കുക വിലയിരുത്തുക ആശ്വസിപ്പിക്കുക ക്ഷമിക്കാൻ പഠിപ്പിക്കുക തുടങ്ങിയ സമ്പ്രദായങ്ങൾ പുരുഷാധിപത്യ ക്രമത്തിന് വേണ്ടിയുള്ള ന്യായങ്ങൾ ഉല്പാദിപ്പിക്കുന്നതാണ്.അതിൽ കുടുംബ ഘടന പരിശുദ്ധമാണെന്ന് വാഴ്ത്തിക്കൊണ്ടിരിക്കുന്നു.പെണ്ണിന് വേണ്ടത് പുരുഷൻ നിശ്ചയിക്കും എന്നത് അടിസ്ഥാനമിട്ടുകൊണ്ടുള്ള എല്ലാ രീതികളും സൂക്ഷിക്കണം.