Jan 19, 2022
യുക്തിവാദികൾക്ക് ഉത്കണ്ഠാ രോഗങ്ങൾ ഉണ്ടാകുമോ?
ഉത്കണ്ഠപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മനുഷ്യ മഷ്തിഷ്‌കം അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്.
ഒരു നിരീശ്വരവാദിയായ ഞാൻ ദൈവത്തെയോ മരണത്തെയോ ഭയക്കുന്നില്ല. പക്ഷേ ഭാവിയിൽ എന്തു സംഭവിക്കും എന്ന ചിന്ത വല്ലാതെ അലട്ടുന്നു.ചില സമയങ്ങളിൽ മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ചിന്ത വരുമ്പോൾ അമിതമായ ടെൻഷനും അസ്വസ്ഥതയും വെപ്രാളവും ബാധിക്കുകയാണ്. ഒരു ദൈവനിഷേധിയായ തന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു ഉത്കണ്ഠ ഒരു പോരായ്മയും ബലഹീനതയുമായാണ് കരുതതെന്ന് യുക്തിവാദി എന്ന പേരിൽ അറിയപ്പെടുന്ന ശിവകുമാർ(യഥാർത്ഥ പേരല്ല) പറഞ്ഞു
ഒരു യുക്തിവാദിയ്ക്ക് ഇത്തരം അനാവശ്യ ചിന്തകൾ വരാൻ പാടില്ലാത്തതാണെന്ന് അയാൾ വിശ്വസിക്കുന്നു.എന്നാൽ സ്വന്തം താല്പര്യത്തിന് എതിരായി വരുന്ന ഉത്കണ്ഠ ചിന്തകളിൽ അയാൾ അസ്വസ്ഥനാണ്. അനാവശ്യമായതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അറിയാമെങ്കിലും അത് തീർത്തും ഒഴിവാക്കാൻ കഴിയുന്നില്ല. സന്തോഷവും സമാധാനവും നഷ്ടപെട്ട ഒരവസ്ഥയാണിപ്പോൾ. ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യം വരിക, വയറിൽ അസ്വസ്ഥത, ശ്രദ്ധക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ആവശ്യമില്ലാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതും ഉത്കണ്ഠ രൂപപ്പെടുത്തുന്നതുമായ ചിന്തകൾ അടിച്ചമർത്തുന്നതിനാൽ അയാളുടെ ജീവിതം കൂടുതൽ സമ്മർദ്ദത്തിലാകുന്നു .അമിതമായ ഉത്കണ്ഠകൾ പെരുമാറ്റത്തെ ബാധിക്കുന്ന ഒരു ശാരീരിക രോഗം തന്നെയാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത അവസ്ഥയാണത്. യുക്തിവാദി- വിശ്വസി, വിവരമുള്ളവൻ -വിവരമില്ലാത്തവൻ തുടങ്ങിയ മുദ്രകൾ സ്വയം ചാർത്തി സ്വന്തം ആന്തരികാവസ്ഥകൾ നിഷേധിക്കുന്നത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
യഥാർത്ഥത്തിൽ അപകടസാഹചര്യങ്ങളെ നേരിടാൻ മനുഷ്യ ശരീരം പരിണാമപരമായി ശാരീരിക പ്രതികരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.പുറം ലോകത്തുനിന്ന് നേരിടേണ്ടിവരുന്ന അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടിയുള്ള നാഡി വ്യുഹ സജ്ജീകരണം മനുഷ്യനിലുണ്ട്.വിപത്തിന്റെ മുൻപിൽ അകപ്പെടുമ്പോൾ അഡ്രീനൽ മെഡുല വളരെയധികം അഡ്രീനാലിൻ രക്തത്തിലേയ്ക്ക് ഒഴുക്കുന്നു.തൽഫലമായി ഹൃദയം വേഗത്തിൽ ശക്തിയായി മിടിക്കാൻ തുടങ്ങുന്നു.രക്തസഞ്ചാരം കൂടുന്നു.രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നു. ശ്വാസനാളം വികസിക്കുകയും വേഗത്തിൽ ശ്വാസോച്ഛാസം ചെയ്യപ്പെടുന്നു.എന്നാൽ അപായഘട്ടത്തിൽ ജീവിയെ രക്ഷിക്കുന്ന നാഡീവ്യൂഹപ്രവർത്തനം ആവശ്യമില്ലാത്ത കാര്യങ്ങളോട് അനിയന്ത്രിതമായി പ്രതികരിക്കുന്നത് ശാരീരികമായ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ദീർഘകാലം നീണ്ടുനിൽക്കുന്ന ഉത്കണ്ഠകൾ മഷ്തിഷ്ക വ്യവസ്ഥയെ സ്വാധീനിക്കുന്നു. ഓർമ്മക്കുറവും വിഷാദവും സൃഷ്ടിക്കും. പ്രതിരോധശേഷി കുറയ്ക്കും.ഉത്കണ്ഠകൊണ്ട് യുദ്ധ സമാനമായ ശരീരത്തിൽ രക്തസമ്മർദ്ദത്തിന്റെ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നു. അഡ്രീനൽ ഗ്രന്ഥിയുടെ തുടർച്ചയായ പ്രവർത്തനമൂലമുണ്ടാകുന്ന പ്രതികരണങ്ങൾ പ്രമേഹത്തിന് കാരണമാകുന്നു. ശരീരത്തിലെ മെറ്റമോളിസത്തിന് തകരാര് പറ്റുന്നു.
അപകടഘട്ടത്തിൽ അതിജീവിക്കാൻ സഹായിക്കുന്ന നാഡി പ്രവർത്തനം അപകടരഹിത സാഹചര്യങ്ങളിലും മനുഷ്യരിൽ സംഭവിക്കുന്നു.മനുഷ്യരുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ, അനുഭവിച്ച സംഭവങ്ങളുടെ ഓർമ്മകൾ അതിന്റെ വേദനകൾ ഭാവിയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ ആലോചിക്കുന്നതിലൂടെ ശരീരത്തിൽ സംഭവിക്കുന്ന പ്രതികരണങ്ങൾ, അതിന്റെ ഉത്കണ്ഠ, പേടി എല്ലാം ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരുടെ ഓർമ്മകളിലും ഭാവനകളിലും പ്രതികരണങ്ങളിലും ഉത്കണ്ഠയുടെ- ഭയത്തിന്റെ ജനിതകാംശങ്ങളാണ്.ക്ഷാമവും രോഗങ്ങളും, യുദ്ധങ്ങളും പലായനങ്ങളും മാത്രമല്ല ഇരപിടിയന്മാരായ ജീവികളുടെ ഇരകളായി ജീവിച്ച ഒരു ഭൂതകാലത്തിന്റെ ജീനുകൾ അവശേഷിച്ചിട്ടുള്ള ഒരു ശരീരമാണ് ആധുനിക മനുഷ്യന്റേത്.തന്റെ മുന്നിൽ ഒരു ഭീക്ഷണിയില്ലെങ്കിലും, മുൻപ് അനുഭവിച്ച അല്ലെങ്കിൽ മറ്റുള്ളവർ കടന്നുപോയ ഭീക്ഷണിയെക്കുറിച്ചുള്ള വികാര സ്മരണകളും അതനുസരിച്ചുള്ള ശാരീരിക പ്രതികരണവും മനുഷ്യ ശരീരത്തിൽ ഇന്നും ഉണ്ടാകുന്നു.തലച്ചോറിലെ ഹിപ്പോകാമ്പസ് വികാരനുഭവങ്ങളെ ഓർമ്മകളായി അനുഭവിപ്പിക്കുന്നു അപ്പോൾ സമ്മർദ്ദ ഹോർമോണുകൾ ശരീരത്തെ പ്രകോപിതമാക്കുന്നു, അപ്പോൾ യുക്തിയുടെ സമാധാനത്തിന്റെ ഘടകങ്ങൾ മനസ്സിൽ വരുകയില്ല .വൈകാരിക ഘടകങ്ങൾ യുക്തിയെ നശിപ്പിക്കുന്ന സമയങ്ങളിൽ ബോധപൂർവ്വമല്ലാതെ നിലനിൽപ്പിനു വേണ്ടിയുള്ള ഓട്ടോമാറ്റിക് ശാരീരിക പ്രതികരണമാണ് സംഭവിക്കുക.അതുകൊണ്ടാണ് ബഹുപൂരിപക്ഷം മനുഷ്യരും യുക്തിരഹിതമായി പതികരിക്കുന്നത്. ചില രോഗങ്ങളും ഹോർമോണുകളുടെ പ്രശ്‌നങ്ങളും സമ്മർദ്ദ സാഹചര്യങ്ങളും മഷ്തിഷ്കത്തിലെ ഉത്കണ്ഠകളെ നിയന്ത്രിക്കുന്ന ഭാഗങ്ങളെ( hippocampus, amygdala, papez circuit, brain stem cell and sympathetic nervous)പലപ്പോഴും പ്രതിസന്ധിയിലാവുന്ന ഘട്ടത്തിൽ നൂറുകണക്കിന് സാധ്യതളെ അവലോകനം ചെയ്ത് യുക്തിഭദ്രമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ മനുഷ്യന് കഴിയില്ല. മനുഷ്യന്റെ ചിന്തകളിലും പ്രവൃത്തികളിലും വൈകാരികവും യുക്തിരഹിതവുമായ ഘടകങ്ങൾക്കാണ് മുൻ തൂക്കമുള്ളത്.
ഉത്കണ്ഠപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെങ്കിലും മനുഷ്യ മഷ്തിഷ്‌കം അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. അതേസമയം വൈകാരിക സമ്മർദ്ദങ്ങൾ കുറഞ്ഞ ജീവിത സാഹചര്യം സന്തോക്ഷകരമായ ജീവിത നിമിഷങ്ങൾ, ശക്തമായ സാമൂഹ്യ പിന്തുണ വർണ്ണശബളമായ ജീവിതം സാധ്യമാക്കും. ഉത്കണ്ഠകളെ ലഘൂകരിക്കാൻ അതെല്ലാം സഹായിക്കും. എന്നാൽ ഉത്കണ്ഠകൾ ആവർത്തിച്ചുവന്ന് കൈവിട്ടുപോകുന്ന അവസ്ഥ ചികത്സയ്ക്ക്
വിധേയമാക്കേണ്ടതാണ്.ആരോഗ്യകരമായി ചിന്തിക്കാനും പ്രതികരിക്കാനും സഹായിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ടെക്നിക്കുകൾ ഉത്കണ്ഠ ചികിത്‌സയ്ക്ക് വളരെ പ്രയോജനകരമാണ്. മിതമായ ഉത്കണ്ഠകൾ സൈക്കോതെറാപ്പി കൊണ്ട് നിയന്ത്രണ വിധേയമാക്കാൻ കഴിയും. എന്നാൽ ഗുരുതരമായ ഉത്കണ്ഠകൾ മരുന്നും മനഃശാസ്ത്ര ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് വേണ്ടത്. പ്രധാനമായും
SSRI (Selective serotonin reuptake inhibitors (SSRIs) വിഭാഗത്തിൽ പെട്ട ആന്റിഡിപ്രസന്റ് മരുന്നുകളാണ് ഉത്കണ്ഠരോഗങ്ങളുടെ ചിക്ത്സയ്ക്ക് ഉപയോഗിക്കുന്നത്