Dec 27, 2021
എന്തുകൊണ്ട് നിങ്ങൾക്ക് ആസക്തി?
കൂടുതൽ സുഖം ലഭിക്കുന്ന എന്തിനെയോ തേടാനുള്ള ജീവശാസ്ത്ര ത്വര മനുഷ്യരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.എന്നും ഒരേ സാധനം തന്നെ തിന്നും കുടിച്ചും ഇണചേർന്നും സന്തോഷമായിരിക്കാൻ മനുഷ്യന് കഴിയില്ല.
നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് ആവശ്യം ? അധികാരം, സമ്പാദ്യം, ഇണകൾ, വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ!
ക്ഷാമങ്ങളും കെടുതികളും ദാരിദ്ര്യവുമായി ജീവിച്ചുപോന്ന ഒരു ഭൂതകാലത്തിൽ നിന്ന് നേട്ടങ്ങളുടെ വലിയൊരു പട്ടിക നമ്മുടെ മുന്പിലുണ്ട് . ഇന്ന് ഉള്ളതിൽ തൃപ്തിപ്പെട്ടു ജീവിക്കാൻ ഹോമോസാപ്പിയൻസിന് കഴിയുമോ?
മനുഷ്യർ അങ്ങനെ ഒരിക്കലും ചെയ്യില്ല.ആഗ്രഹവും ആസക്തിയുമാണ് മനുഷ്യരെ നയിക്കുന്നത്.വേട്ടയാടലുമായി ബന്ധപ്പെട്ടുള്ള സാഹസികതയും മത്സരവും മാനസികഭാവങ്ങളും പഴയപടി അനുഭവിക്കുന്ന പരുവത്തിലാണ് മനുഷ്യന്റെ ജീവശാസ്ത്രം. മനുഷ്യന്റെ തലച്ചോർ സാഹസികമായ ലക്ഷ്യങ്ങൾക്കും മെച്ചപ്പെട്ട സൗകര്യങ്ങളും തേടിക്കൊണ്ടിരിക്കുന്നു .കൂടുതൽ സുഖം ലഭിക്കുന്ന എന്തിനെയോ തേടാനുള്ള ജീവശാസ്ത്ര ത്വര മനുഷ്യരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.എന്നും ഒരേ സാധനം തിന്നും കുടിച്ചും ഇണചേർന്നും സന്തോഷമായിരിക്കാൻ മനുഷ്യന് കഴിയില്ല.ഇപ്പോഴുള്ള സമൃദ്ധിയെല്ലാം നൈനമിഷികമായ സന്തോഷം മാത്രമാണ് നൽകുന്നത്.സുഖവും സന്തോഷവും എപ്പോഴും അനുഭവിക്കണമെങ്കിൽ അതിന് വേണ്ട സാധ്യതകൾ കൂടുതൽ ആവശ്യമുണ്ട്. പുതിയ പുതിയ തീൻ വിഭവങ്ങൾ സുഖ സൗകര്യങ്ങൾ ഇണകൾ ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന ഉപകരണങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കണം. ലൈംഗികതയെയും ജീവിക്കാനുള്ള വസ്തുക്കളെയും അനുഭൂതിദായകമായി നിലനിർത്തുന്ന ജീവരസതന്ത്രമാണ് മനുഷ്യന്റേത്.അത് പരമാവധി ഇണകൾക്കും മത്തുപിടിപ്പിക്കുന്ന സാങ്കേതികൾക്കുമായി കാത്തിരിക്കുന്നു.
മനുഷ്യമസ്തിഷ്കത്തിന് പരിണാമപരമായ ചില ദൗർബല്യങ്ങൾ ഉണ്ട്.കൊഴുപ്പും പഞ്ചസാരയുമുള്ള ഊർജ്ജദായകമായ ഭക്ഷണത്തിനോട് മനുഷ്യർക്ക് കൊതിയുണ്ട്.ദീർഘകാലം പട്ടിണിയും കുറഞ്ഞ കാലം സമൃദ്ധിയുമായി ജീവിച്ച ഒരു ഭൂതകാലത്തിന്റെ ജനിതക മുദ്രകളാണ് മനുഷ്യരെ പെട്ടെന്ന് വ്യഗ്രരാരാക്കുന്നത്.ധാരാളം കൊഴുപ്പും മാംസ്യവും ഉള്ള ആഹാരം വേഗത്തിൽ കൈവശപ്പെടുത്തികൊണ്ടിരിക്കുക എന്ന ആന്തരിക പ്രേരണയിൽ അധിഷ്ഠിതമായ മസ്തിഷ്ക ഘടനയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായവും ചൂക്ഷണം ചെയ്യുന്നത്. ഏതുനേരത്തും എവിടെയായാലും ലൈംഗിക ഉത്തേജനം സാധ്യമാക്കുന്ന ജനിതക വയറിങ് ഉള്ളതിനാൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേരുമായി ഇണചേർന്ന് സ്വന്തം വിത്ത് സകലവും വ്യാപിപ്പിക്കാനുള്ള പുരുഷന്റെ സഹജസ്വഭാവം ആസക്തിയുടെ സാധ്യതകൾ തുറക്കുകയാണ്.ലൈംഗികതയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളും ഏതു സമയവും ആക്രമിക്കപ്പെടാനുള്ള സാധ്യതകളും ഉള്ളതിനാൽ പെട്ടെന്ന് ലൈംഗിക വൃത്തിയിൽ ഏർപ്പെടുക, പരമാവധി വിഭവങ്ങൾ കൈവശപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.നിയമവും ശാസനകളും അധികാരികളും നിലനിൽക്കുന്നത് മനുഷ്യന്റെ ആസക്തിയെ കടിഞ്ഞാണിടാനാണെങ്കിലും പ്രത്യേയകിച്ചു് പുരുഷന്റെ സ്വാഭാവിക ലൈംഗിക താല്പര്യത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല..മനുഷ്യന്റെ ജനിതക ഘടന നിലവിലുള്ള സാമൂഹികമായ താല്പര്യങ്ങളോടും നിയമങ്ങളോടും ഏറ്റുമുട്ടുന്നുണ്ട്. മനുഷ്യ സഹജമായ സ്വഭാവങ്ങൾ ശാന്തമായ സാമൂഹ്യ ജീവിതത്തിന് പലപ്പോഴും സഹായകരമല്ലാത്തതിനാൽ ജനിതക പ്രേരണകളെ എരിച്ചുകളയുന്നതിന്റെ മാർഗ്ഗങ്ങളാണ് മത്സരിക്കുക, ലക്‌ഷ്യം നേടുക, സമ്പത്തു് കൈവശപ്പെടുത്തുക തുടങ്ങിയ രീതിയിൽ ജന്മസിദ്ധ വാസനകൾ അതിന്റെ പുരാതന രൂപങ്ങൾ പുനരാവിഷ്കരിക്കുന്നത് .
മനുഷ്യന്റെ ശരീരം സുഖം നൽകുന്ന കാര്യങ്ങളോട് ചിന്തയുടെ പിന്തുണയില്ലാതെതന്നെ പെട്ടെന്ന് പ്രതികരിക്കുന്നു. കഷ്ടപ്പാടുകളും ദാരിദ്ര്യവുമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന ഒരു ജീവിതത്തിന്റെ ഫലമായ മഷ്തിഷ്ക് വയറിങ് രസം നൽകുന്ന എല്ലാറ്റിനോടും ആസക്തികൾ രൂപപ്പെടുത്തുന്നു. മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും വിധം പലതരം ആസക്തികൾ, സ്വയം തിരിച്ചറിയാതെത്തന്നെ, മനുഷ്യരെ പിടിമുറുകുകയാണ്.