Dec 30, 2021
ന്യൂ ഇയർ എന്ന ലഹരി
വീഞ്ഞിലും പുകയിലും ലഹരി പാനീയങ്ങളിലും ഗാഡമാകുന്ന സമയങ്ങൾ. ചില നിഷ്കളങ്കർ ഇപ്പോഴത്തെ ജീവിതത്തിലെ അധോഗതി ഇല്ലാതായേക്കുന്ന ഒരു സമയം വരുന്നു എന്ന് നിനയ്ച്ചു ആനന്ദിക്കുന്ന അസുലഭയാമങ്ങൾ....
ലോകത്തെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു സമയമാണ്. ഒരു പുതുവർഷ പിറവിയുടെ നിമിഷങ്ങൾ കാത്തിരിക്കുന്ന വേള.കുറേപേർ വീഞ്ഞിലും പുകയിലും ലഹരി പാനീയങ്ങളിലും ഗാഡമാകുന്ന സമയങ്ങൾ. ചിലർ തങ്ങളുടെ നീചപ്രവൃത്തികളും ദുഃശീലങ്ങളും തീർത്തും ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന സന്ദർഭം. ചില നിഷ്കളങ്കർ ഇപ്പോഴത്തെ ജീവിതത്തിലെ അധോഗതി ഇല്ലാതായേക്കുന്ന ഒരു സമയം വരുന്നു എന്ന് നിനയ്ച്ചു ആനന്ദിക്കുന്ന അസുലഭയാമങ്ങൾ....
അതെ,ഒരു പുതുവർഷത്തിനായി ലോകമെന്പാടുമുള്ള മനുഷ്യർ കാത്തിരിക്കുന്നു.കഷ്ടപ്പാടുകളും പ്രതിസന്ധികളും നിറഞ്ഞ കാലം അപ്രത്യക്ഷമായി നൻമയും സമൃദ്ധിയും ഉള്ള ഒരു ലോകത്തിനായുള്ള മനുഷ്യന്റെ കാത്തിരിപ്പിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.സമൂഹത്തിൽ ആഴത്തിൽ വേരോടിയ ഒരു സങ്കല്പനമാണത്.സമൃദ്ധിയുടെ ഒരു ലോകത്തെക്കുറിച്ചുള്ള മനുഷ്യരുടെ സ്വപ്നങ്ങളാണ് പുതുവര്ഷമെന്ന വിശ്വാസത്തെ താങ്ങിനിർത്തുന്നത്. അത് മനുഷ്യരുടെ ഭാവനയുടെയും മിത്തുകളുടെയും നിർമ്മിതിയാണ്.
മനുഷ്യർക്ക് അവരുടെ ജീവിതത്തോട് തോന്നുന്ന ഭയം എന്ന വികാരം അവരെ നിരന്തരം പിന്തുടർന്ന്കൊണ്ടിരിക്കുന്നു.ഭയത്തിന്റെ വിവിധ അവസ്ഥകൾ നിത്യജീവിതത്തിലെ ചുറ്റുപാടുകളിൽ നിന്ന് നിരന്തരം സ്വാംശീകരിക്കപ്പെടുകയും അത് വളർത്തി വലുതാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന മനുഷ്യർ ആ ഭയത്തിന്റെ സാധ്യതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മിത്തുക്കൾ നിർമ്മിക്കുന്നു.ഇത്തരം മിത്തുക്കൾ ജീവിതത്തിലെ പ്രതീക്ഷകളാണ്.അത് വൈകാരികമായ ഒരു അനുഭവമായി മനുഷ്യരെ മുഴുവൻ സ്വാധീനിക്കുകയാണ്.
ഒരു വർണ്ണ ചിത്രമായി പുതുവർഷത്തെ കാണുമ്പോൾ അത് സ്വസ്ഥവും സംതൃപ്തിയും നൽകുന്ന അനുഭൂതിയാവുകയാണ്.പുതുവർഷത്തെ വരവേൽക്കുക എന്ന മിത്തിനെ ആഘോഷിക്കുന്ന വേളയിൽ ശാരീരിക വികാരങ്ങളുടെ ഉത്തേജനം അനുഭപ്പെടുന്നു.അപ്പോൾ ആംഫെറ്റമൈൻസുമായി ബന്ധപ്പെട്ടിരിക്കുന്ന ഫെനിലെതൈലമിൻ എന്ന രാസികം ശരീരത്തിൽ പ്രവർത്തിക്കുന്നു.ആ സമയങ്ങളിൽ ഹൃദയം വേഗത്തിലാവുന്നു.ജാഗ്രതയുണ്ടാകുന്നു ആ സമയങ്ങളിൽ ശരീരത്തിൽ എൻഡോർഫിൻ റീലീസ് ചെയ്യപ്പെടുന്നു. അപ്പോൾ പോസറ്റീവ് പ്രതികരണങ്ങൾ സൃഷ്ടിക്കപ്പെടുന്നു. നല്ല രീതിയിൽ ചിന്തിക്കാൻ കഴിയുന്നു. ജീവിതത്തിൽ പ്രതീക്ഷയുടെ നാമ്പുകൾ പൊട്ടിവിടരുന്നു. അങ്ങനെ ശാരീരിക പ്രതിരോധസംവിധാനങ്ങൾ കെട്ടിപ്പടുക്കപ്പെടുകയും പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്ന തോന്നൽ അനുഭപ്പെടുകയാണ്. ദൈനംദിന ജീവിതത്തിലെ പിരിമുറുക്കങ്ങളും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന ആന്തരിക നിലയിൽ നിന്ന് മുക്തിനേടാൻ അത്തരത്തിലുള്ള ചില സാഫല്യങ്ങൾ മനുഷ്യർക്ക് ആവശ്യമുണ്ട്. പ്രതിസന്ധികളിൽ നിന്നുള്ള മോചനത്തിന് മനുഷ്യൻ ജീവിതത്തെ കാലത്തോട് ബന്ധിപ്പിക്കുന്നു. ഒരു പുതുകാലം വരുന്നു എന്ന ആശയം മനുഷ്യരാശിയെ അപ്പാടെ ത്രസിപ്പിക്കുന്ന ഒരു തരം ലഹരിയാണ്. അത് ആവോളം നുകരേണ്ടത് നൈനമിഷികമായെങ്കിലും ലഭിക്കുന്ന സന്തോഷത്തിന് ആവശ്യമാണ്.