Mar 01, 2022
സംസാരിച്ചാൽ വിഷാദം മാറുമോ?
നീ പറഞ്ഞു വരുന്നത്.എന്റെ കാഴ്ചപ്പാട് മോശം എന്നല്ലേ? ശരി, ഞാൻ ആദ്യമേ പറഞ്ഞു ഞാൻ ഒരു വിലയില്ലാത്തവളാണ്.കൊള്ളില്ല.നല്ല ചിന്തകളോ കാഴ്ചപ്പാടുകളോ ഇല്ല. ഒരു പാഴ്ജന്മം.എന്നെ വെറുതെ വിടുക. എനിയ്‌ക്കൊന്നും സംസാരിക്കാനില്ല".
അവൾ പൊട്ടിത്തെറിച്ചു
"എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല. ഒരു കാരണവുമില്ലാതെ തന്നെ സദാസമയവും വിഷമമാണ്. അരുന്ധതി പറഞ്ഞു".അവൾ നിശബ്ദയായി.
"ദിവസങ്ങളായി നീ എന്നോട് സംസാരിച്ചിട്ട്". ശരൺ പരിഭവത്തോടെ ചോദിച്ചു
"എന്ത് സംസാരിക്കാൻ. സംസാരിച്ചിട്ട് ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല.എന്റെ ഉള്ളിൽ എന്തോ എരിഞ്ഞുകൊണ്ടിരിക്കുന്നു.
ഞാൻ വല്ലാത്ത അവസ്ഥയിലാണ്". അവൾ മറുപടി നൽകി.
അരുന്ധതി നീ പേടിക്കേണ്ടതില്ല.നിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ട്.അഞ്ചിൽ ഒരാൾക്കെങ്കിലും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിഷാദം ഉണ്ടാകും.ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുക എന്നതാണ് വിഷാദത്തിന്റെ ലക്ഷണം. വിഷാദം നിങ്ങളോട് തെറ്റായ കാര്യങ്ങൾ ചിന്തിപ്പിക്കും.മറ്റുള്ളവർക്ക് വളരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്ക് അതീവ ഗൗരവമായി തോന്നും. നിങ്ങൾ ഒറ്റയ്ക്കാണെന്നു തോന്നും. നിങ്ങളുടെ അവസ്ഥ ലോകത്തു ഒരാൾക്കും ഇല്ലെന്ന് നിങ്ങൾ ചിന്തിക്കും.വിഷാദത്തിനുള്ള മരുന്നുകളുടെ ഉപയോഗം എല്ലായിടത്തും കൂടുതലായി വരികയാണ്.പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ജീവിതത്തിൽ വിഷാദം അനുഭവിക്കുന്നു.മാതാപിതാക്കളിൽ ഒരാൾക്ക് വിഷാദമുണ്ടെങ്കിൽ മക്കൾക്ക് അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശരൺ പറഞ്ഞത് ശരിയാണ്. പക്ഷേ യാതൊരുവിധ കാരണവുമില്ലാതെ എനിയ്ക്ക് എന്തുകൊണ്ട് ഇതുണ്ടായി. അവൾ ചോദിച്ചു.
ശരൺ പറഞ്ഞു. "ലോകം നമ്മുടെ മുൻപിലൂടെ എത്ര മനോഹരമായാണ് കടന്നുപോകുന്നത്.മനോഹരമായ സായാഹ്നങ്ങൾ, രുചികരമായ ഭക്ഷണങ്ങൾ, ആഹ്ളാദത്തിന്റെ പൊട്ടിച്ചിരികൾ. പക്ഷേ മോശമായ കാര്യങ്ങൾ മാത്രമാണ് നിന്റെ കണ്ണുകൾ കാണുന്നത്.സുന്ദരമായതൊന്നും നീ കാണുന്നില്ല.എന്തുകൊണ്ടാണത്? നിന്റെ കാഴ്ചപാടിന്റെ പ്രശ്‌നമാണത്.നിന്റെ കാഴ്ച്ചപ്പാട് അനുസരിച്ചിട്ടുള്ള കാഴ്ച്ചകൾ മാത്രമാണ് നീ കാണുന്നത്.നിന്റെ കാഴ്ചപ്പാട് മോശമാണെങ്കിൽ നിന്റെ കാഴ്ച്ചകളെല്ലാം മോശമായിരിക്കും. എന്തുകാണണമെന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ കാഴ്ചപ്പാടാണ്.ലോകത്തെ നല്ല കണ്ണുകൾ കൊണ്ട് കാണുക".
"നീ പറഞ്ഞു വരുന്നത്.എന്റെ കാഴ്ചപ്പാട് മോശം എന്നല്ലേ? ശരി, ഞാൻ ആദ്യമേ പറഞ്ഞു ഞാൻ ഒരു വിലയില്ലാത്തവളാണ്.കൊള്ളില്ല.നല്ല ചിന്തകളോ കാഴ്ചപ്പാടുകളോ ഇല്ല. ഒരു പാഴ്ജന്മം.എന്നെ വെറുതെ വിടുക. എനിയ്‌ക്കൊന്നും സംസാരിക്കാനില്ല". അവൾ പൊട്ടിത്തെറിച്ചു.
അരുന്ധതി, ദയവായി ഞാൻ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുക.. ശരൺ തുടർന്നു ;"നിന്റെ തലച്ചോറാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.മഷ്തിഷ്കത്തിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്കു സന്ദേശങ്ങൾ അയക്കുന്ന ചില രാസവസ്തുക്കളുണ്ട്.സെറോടോണിന് അത്തരമൊരു രാസവസ്തുവാണ്.തലച്ചോറിൽ സെറോടോണിൻ ഉത്പാദനത്തിൽ അളവ് കുറയുന്നത് വിഷാദത്തിന് കാരണമാകുന്നു.അതുകൊണ്ടാണ് സെറോടോണിന്റെ അളവ് ഉയർത്തുന്നതിനുള്ള മരുന്ന് നീ കഴിക്കേണ്ടതായി വരുന്നത്".
എനിയ്ക്ക് കേൾക്കേണ്ട നിന്റെ സെറോട്ടോണിന്- ഡിപ്രെഷൻ തിയറി.ജീവിതത്തിൽ ആരും തൃപ്തരല്ല.ആർക്കാണ് സമാധാനമുള്ളത്.എനിയ്ക്കുണ്ടാക്കുന്ന ശൂന്യത, നഷ്ടബോധം മരുന്നുകൾ കൊണ്ട് എങ്ങനെ നികത്താനാകും?
അരുന്ധതി നിന്റെ ആശയങ്ങൾ പലതരത്തിൽ നിന്നെ വഴിതെറ്റിക്കുന്നതാണ്.അതിന് കാരണം മഷ്തിഷ്കത്തിന്റെ നടുവിലുള്ള ന്യൂക്ലിയസ് അക്യുംബൻസ് എന്ന ഭാഗമാണ്.ആനന്ദത്തിനും ആസക്തിക്കും കാരണം ഈ ഭാഗമാണ്.നിന്റെ ഈ ഭാഗം നന്നായി പ്രവർത്തിക്കുന്നില്ല. ആ ഭാഗത്തിന്റെ തകരാറാണ് ഇത്തരത്തിലുള്ള തലതെറിച്ച ആശയങ്ങൾ രൂപപ്പെടുത്തുന്നത്.
"നീ സംസാരിക്കുന്ന വിഷയങ്ങൾ എല്ലാം മറ്റേതോ ലോകത്തിലെ കാര്യങ്ങളാണ്.എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രാധാന്യമില്ല. നിന്റെ പറച്ചിലിനൊന്നും ഒരു അർത്ഥവുമില്ല.എന്റെ ജീവിതം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നത് ഒരു യാഥാർഥ്യമാണ്.എനിയ്ക്ക് സന്തോക്ഷത്തെ ഭയമാണ്.ഒന്നും ചെയ്യാൻ കഴിയുന്നില്ല.ചില സമയങ്ങളിൽ ഞാൻ പാനിക്കാണ്.ശ്വാസമെടുക്കാൻ തന്നെ വളരെ പ്രയാസമുള്ളതുപോലെ തോന്നും".അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു.
"ഇനി നീ എന്തുചെയ്യാൻ ഉദ്ദേശിക്കുന്നു". ശരൺ ചോദിച്ചു.
എന്റെ അവസ്ഥ മെച്ചപ്പെടാൻ ചില കാര്യങ്ങൾ സ്വയം ചെയ്താൽ മതി എന്ന് എനിയ്ക്ക് അറിയാം. ദിവസം കുറെ നടക്കുക. എല്ലാവരുമായി സംസാരിക്കുക. നല്ല ഭക്ഷണം കഴിക്കുക. ഈ സ്ഥലത്തുനിന്ന് മാറുക.മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഷെയർ ചെയ്യുക. പക്ഷേ ഞാൻ അങ്ങനെ ചെയ്യാനുള്ള സാധ്യത വളരെകുറവാണ്.
അവൻ അവളുടെ കൈകളിൽ പിടിച്ചു. തലയിൽ തലോടി നെഞ്ചോട് ചേർത്തു. കലങ്ങിയ അവളുടെ കണ്ണുകൾ തുടച്ചു.
അവൾ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി ദയനീയമായി പറഞ്ഞു :
"ശരൺ ഞാൻ മരുന്ന് കഴിക്കാം.ചിന്തകൾ എന്റെ തലയിലൂടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്.നീ എന്റെ വിഷമങ്ങൾ ശ്രദ്ധയോടെ കേൾക്കുക. നിന്റെ പരിഹാര നിർദ്ദേശങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല.എനിയ്ക്ക് എന്നെപ്പറ്റി സംസാരിക്കണം.
അടിക്കുറിപ്പ് : വിഷാദം ഒരു വലിയ പ്രശ്‌നമാണ്. ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം ആളുകളും വിഷാദം ആശ്ലേഷിച്ചവരാണ്. വിഷാദം ലോകത്തിലെ മാരകമായ അസുഖങ്ങളിലൊന്നാണ്.വിഷമങ്ങളെ സ്വയം ഉള്ളിലൊതുക്കാൻ നോക്കുമ്പോൾ, ഉൾവലിയുമ്പോൾ, അപകടകരമായ രീതിയിൽ നിശബ്ദരാകുബോൾ, ജീവിച്ചിരിക്കുക എന്നത് വേദനയാണെന്ന് തോന്നുമ്പോൾ എല്ലാം വിഷാദത്തിൽ ആണ്ടുപോകുകയാണ്. അപ്പോൾ അടിയന്തിരമായി മാനസികാരോഗ്യപ്രവർത്തകരുടെ സഹായം തേടുക.