Mar 08, 2022
അതിജീവിത -ഒരു നിരന്തര പീഡനത്തിന്റെ ഇര
പീഡനാനുഭവങ്ങൾ ഓർത്തെടുക്കുക എന്ന് പറഞ്ഞാൽ പീഡനം സൃഷ്ടിച്ച വേദനയും ഭയവും അതേപടി വീണ്ടും അനുഭവിക്കാൻ പറയലാണ്.
ജഡ്‌ജി ശാന്തനായി അവളെ നോക്കി പറഞ്ഞു; "നിങ്ങൾ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് അറിയാം.നിങ്ങൾക്ക് നീതി ലഭിക്കണം. സംഭവിച്ച കാര്യങ്ങൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചാലും "
വളരെ നീണ്ടുപോയ ഒരു ദുർജ്ജന്മത്തിന്റെ മുഴുവൻ വ്യസന ഛായയുണ്ട് അവളുടെ കണ്ണുകളിൽ. അവൾ പരിഭ്രമിച്ചു
"കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഒരു സ്ത്രീയും ഇനി ഇത്തരമൊരു പീഡനത്തിന് ഇരയാകരുത് . നിങ്ങളുടെ മൊഴിയാണ് ഈ കേസിന്റെ ഭാവി തീരുമാനിക്കുന്നത്" ജഡ്‌ജി അക്ഷോഭ്യനായി പറഞ്ഞു.
അവളുടെ ശബ്ദം പൊന്തിയില്ല.എന്റെ ചുറ്റും ഇരുട്ടാണ്. ഒന്നും ഉള്ളിൽ ഇല്ല. എനിയ്ക്ക് എല്ലാറ്റിനെയും പേടിയാണ് എന്റെ നിഴലിനെപ്പോലും. എനിയ്ക്ക് എന്നെ വിശ്വസിക്കാൻ പറ്റുന്നില്ല.ഞാൻ അനുഭവിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വികാരമാണെന്നു ഞാൻ കരുതുന്നില്ല.എന്റെ തലക്കുള്ളിൽ നല്ല നീറ്റലുണ്ട് . ഭയവും ശ്വാസതടസ്സവും ഉണ്ട്. ജീവിതം അവസാനിപ്പിച്ച് ശൂന്യമാകണം.. അവളുടെ അന്തരംഗങ്ങൾ പിടയുകയാണ്..
ജഡ്ജി ചോദിച്ച പലതിനും അവൾക്ക് ഉത്തരമില്ല. ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഓർമ്മകൾ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയിൽ അവൾ മറന്നുപോകാൻ ആഗ്രഹിക്കുന്ന കണ്ണികൾ മറ്റുപലരും കൂട്ടിച്ചേർക്കുന്നു.വിശ്വസനീയമാണെന്നു തോന്നുന്ന പല കഥകളും അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.
പീഡനാനുഭവങ്ങൾ ഓർമ്മിച്ചെടുക്കുമ്പോൾ ആ സമയത്തു ആ അനുഭവത്തിന് സമാനമായ ശാരീരിക മാനസിക പ്രതികരണങ്ങൾ വ്യക്തിയിൽ ഉണ്ടാകുന്നു.
സമ്മർദ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന അനുഭവം, സംഭവം, അതിന് കാരണമായ വ്യക്തികൾ സാഹചര്യങ്ങൾ അത് സൃഷ്ടിക്കുന്ന മാനസികമായ നില എന്നിവ കഠിനമായ വികാര പ്രകടനങ്ങൾക്ക് നിമിത്തമാവുകയാണ്(post Truamatic stress disorder).പേടിപ്പെടുത്തിയതിനെ പറ്റിയുള്ള ഓർമ്മകൾ വിവേചിച്ചറിയുന്നതിന് മുൻപ് തന്നെ അതിന്റെ പ്രതികരണങ്ങൾ ശരീരത്തെ ബാധിക്കുന്നു. ആകാംഷ രോഗവും(Anxiety neurosis) പാനിക് എപ്പിസോഡുകളും(Panic episodes) അതിക്രമിക്കുന്ന സമയമാണത്.അപ്പോൾ ഹൃദയമിടിപ്പ് ചടുലമാകുന്നു. ഇപ്പോൾ ചത്തുപോകുമെന്ന തോന്നലുണ്ടാകുന്നു, തൊണ്ടയടഞ്ഞു നെഞ്ചിടിക്കുന്നു.
പീഡനാനുഭവങ്ങൾ ഓർത്തെടുക്കുക എന്ന് പറഞ്ഞാൽ പീഡനം സൃഷ്ടിച്ച വേദനയും ഭയവും അതേപടി വീണ്ടും അനുഭവിക്കാൻ പറയലാണ്.
കഴിഞ്ഞുപോയ പീഡനാനുഭവത്തിന്റെ ആവർത്തിച്ചുള്ള സ്‌മരണകൾ സമ്മർദ്ദ ഹോര്മോണുകളുടെ ശക്തമായ കുത്തൊഴുക്കുണ്ടാക്കുന്നു.ആ ഹോർമോണുകൾ രക്തത്തിലേയ്ക്ക് പ്രവഹിക്കുന്നതിന്റെ ഫലമായി ഹിപ്പോകാമ്പസിന് തകരാര് പറ്റുന്നു. അതേസമയം വികാരസ്മരണകൾ അമിഗ്ദലയിൽ നിലനിൽക്കുന്നതുകൊണ്ട് വ്യക്തിയിൽ അതിന്റെ ശാരീരിക പ്രതികരണങ്ങൾ ഉണ്ടാകുന്നു.പക്ഷേ പീഡനത്തിന് ഇരയായ വ്യക്തിയ്ക്ക് അതിനെക്കുറിച്ച് ബോധപൂർവം ഓർത്തെടുക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് ഒന്നിനും ഒരു കൃത്യതയും ധാരണയും ഉണ്ടാവില്ല.
എന്തുകൊണ്ട് സ്ത്രീ അതിക്രമം സഹിക്കുന്നു?
അതിക്രമം സംഭവിച്ചിട്ടും അത് സഹിച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്ന ഒരു ആന്തരികനിലയാണ് സ്ത്രീയ്ക്കുള്ളത്.ഒരു സ്ത്രീ അപമാനിക്കപ്പെട്ടാൽ അത് അസഹ്യമായ അവസ്ഥയായേക്കാം. കാരണം അപമാനം സാധാരണയായി വൈകാരികമായി ഭാരം ചുമത്തുന്നതാണ്. എന്നാൽ അത് പുരുഷനെ സംബന്ധിച്ചിടത്തോളം വലിയ കാര്യവുമല്ല.
തന്റെ നേരെ ബലാൽക്കാരം നടത്തപ്പെട്ടത് തന്റെ തന്നെ ഭാഗത്തുനിന്ന് വന്ന പാകപ്പിഴകൾ കൊണ്ടാണെന്ന് സ്വയം വിശ്വസിക്കാൻ കഴിയുന്ന ആന്തരിക നിലയാണ് സ്ത്രീയ്ക്കുള്ളത്. അത് ഒരടിമയുടെ അവസ്ഥയാണ്.
ആണ്കോയ്മ സമൂഹത്തിലെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും സ്ത്രീകളുടെ അടിമത്വം ഉറപ്പുവരുത്തുന്നു. സ്ത്രീകൾക്ക് പ്രത്യേകമായ ചിന്തയോ അഭിപ്രായങ്ങളോ പാടില്ല എന്നത് പുരുഷാധിപത്യം നിഷ്കര്ഷിച്ചിട്ടുള്ളതാണ്. പീഡനത്തിന് ഇരയായ സ്ത്രീ ദുര്യോഗങ്ങളെല്ലാം തന്റെ വിധിയാണെന്ന് വിശ്വസിച്ചു ജീവിക്കുന്നു.
അടിമകളായ ഭാര്യമാർ സ്വന്തം താത്പര്യത്തിന് വിരുദ്ധമായി ഭർത്താക്കന്മാരുടെ ലൈംഗിക ആഹ്ളാദങ്ങൾക്കു വേണ്ടി നിന്നുകൊടുക്കുന്നു.പുരുഷന്മാരെ മെരുക്കാനുള്ള ഒരുതന്ത്രമായി സ്ത്രീകൾ ലൈംഗികതയെ ഉപയോഗിക്കുന്നു. പുരുഷന്മാർ അമിത ലൈംഗിക താത്പര്യമുള്ള ഒരു ജീവി ആയതിനാൽ വല്ലവിധേനെ അത് സാധ്യമാക്കികൊടുത്താൽ തൽക്കാലം ഒന്നടങ്ങുമെന്നു സ്ത്രീകൾക്കറിയാം.അടിമകളായ സ്ത്രീകളുടെ ഒരു അതിജീവന തന്ത്രമാണിത്.പുരുഷന്റെ സംരക്ഷണയിൽ കഴിയുമ്പോൾ മാത്രമേ സ്ത്രീ സുരക്ഷിതയാവുകയുള്ളു എന്ന ആശയം കുടുംബത്തിൽ നിന്ന് സ്ത്രീകൾ ഉൾക്കൊള്ളുന്നു.അടിമകളായ സ്ത്രീകൾ തങ്ങളുടെ അടിമത്വം ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത് തങ്ങളുടെ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റിയാണ് അവർ ആലോചിക്കുന്നത്.
പുരുഷന്മാർ നിർമ്മിച്ചിട്ടുള്ള ജനാതിപത്യ സംവിധാനം നിരപേക്ഷമല്ല. സമൂഹത്തിന്റെ കാപട്യത്തിന്റെ സൂക്ഷ്മ തലങ്ങൾ അതിലുണ്ട്.